അല്പകാലത്തെ കഷ്ടതയും നിത്യമായ തേജസ്സും

നിത്യമായ തേജസ്സ് പ്രാപിക്കുവാൻ നമ്മെ വിളിച്ച ദൈവം അല്പകാലത്തെ കഷ്ടമേ നമുക്ക് അനുവദിച്ചിട്ടുള്ളൂ.
കഷ്ടത ഇഹലോകത്തിൽ അവസാനിക്കുന്നു, എന്നാൽ തേജസ്സ് പരലോകത്തിൽ തുടരുന്നു.

ഈ ധരയിൽ നമ്മുടെ ആയുസ് അല്പമായതുകൊണ്ട് നാം സഹിക്കേണ്ട കഷ്ടവും അല്പനേരം മാത്രം. നാം വാഴുവാൻ പോകുന്ന നിത്യത എന്നേക്കുമുള്ളതാകയാൽ നമുക്ക് ലഭിക്കുന്നത് നിത്യമായ തേജസ്സാണ്. നാൾതോറും തങ്ങളുടെ ക്രൂശെടുക്കാത്തവർക്ക് കിരീടം കിട്ടാത്തതു പോലെ, കഷ്ടത സഹിക്കാതെ തേജസ്സ് ധരിക്കുക അസാദ്ധ്യമാണ്.

കഷ്ടം, കഷ്ടത, എന്നിത്യാദി പദപ്രയോഗങ്ങൾ വിശുദ്ധ തിരുവെഴുത്തിൽ പലയിടങ്ങളിൽ കാണുന്നുണ്ട്.

“എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ;” പൂർവ്വപിതാവായ യാക്കോബ് ഫറവോനോടു പറഞ്ഞ വാക്കുകളാണിത്
[ഉല്പത്തി 47:9].

” തീപ്പൊരി ഉയരെ പറക്കും പോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” ഇത് ഭക്തനായ ഇയ്യോബിന്റെ വാക്കുകൾ [ഇയ്യോബ് 5:7;14:1].

“ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ,” ഇത് കഷ്ടതയേയും ലോകത്തെയും ജയിച്ച് ജയാളിയായ കർത്താവായ യേശുവിന്റെ വാക്കുകൾ.
(യോഹന്നാൻ 16:33).

യേശുവിന്റെ നാമത്തിന്നു വേണ്ടി വിശ്വാസ ജീവിതത്തിലും ശുശ്രൂഷയിലും നിരവധി കഷ്ടങ്ങൾ അനുഭവിക്കേണ്ടവരാണ് നാം എന്നത് ഒരിക്കലും വിസ്മരിക്കരുത് (പ്രവൃത്തികൾ 9:16).

സുവിശേഷ പോർക്കളത്തിൽ
ജീവനോടെ തുടരുമോ എന്നു നിരാശ തോന്നുമാറു
അപ്പൊസ്തലന്മാർക്ക് ആസ്യയിൽ കഷ്ടം നേരിട്ടു.
മക്കെദോന്യയിലെ മണ്ണിലും അവർക്ക് ശാരീരികമായി ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു (2 കൊരിന്ത്യർ 1:8; 8:2).

നൊടിനേരത്തേക്കുള്ള തങ്ങളുടെ ലഘുവായ കഷ്ടം സഹിക്കുന്നതിലൂടെ അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം അവർക്കു കിട്ടും എന്ന സ്വർഗ്ഗീയ കാഴ്ചപ്പാടാണ്, ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; എന്ന് പ്രഖ്യാപിക്കുവാൻ അപ്പൊസ്തലന്മാരെ യോഗ്യരാക്കിയത്
(2 കൊരിന്ത്യർ 4:8,17).

അപ്പൊസ്തലന്മാർ അനുഭവിച്ച ബഹുവിധ കഷ്ടവും അപമാനവും അവരെ പ്രേക്ഷിത പ്രവർത്തനങ്ങളിൽ തെല്ലും തളർത്തിയില്ല. പ്രത്യുത വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം ലജ്ജയില്ലാതെ പ്രസംഗിപ്പാൻ അവർ തങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ട് മുന്നേറുകയാണ് ചെയ്തത്
(1 തെസ്സലൊനീക്യർ 2:2).

കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു എന്ന പ്രബോധനം കഷ്ടതയുടെ വീതിയും നീളവും ഉയരവും ആഴവും എന്താണെന്ന് നന്നായി ഗ്രഹിച്ചതിനു ശേഷമാണ് വിശ്വാസികളെ അവർ പ്രബോധിപ്പിച്ചത് എന്നതിനെ സൂചിപ്പിക്കുന്നു (തെസ്സലൊനീക്യർ 1 3:3-4).

ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു
(ഫിലിപ്പിയർ 1:29)
എന്ന സ്വർഗ്ഗീയ വെളിപ്പാടാകണം
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്ന വരം തിരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ സമർപ്പിതനാക്കിയത്
(എബ്രായർ 11:24).

വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടിയ ആദിമഭക്തന്മാർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോൽ ധരിച്ചു, മാത്രമല്ല ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു [എബ്രായർ 11:36-38].

ഇപ്രകാരമുള്ള ഘോരമായ ശോധനകളിൽ പിന്മാറിപ്പോകാതെ മുന്നോട്ടു ഗമിക്കുവാൻ അവരിലുള്ള ക്രിസ്തുവിൻ ആത്മാവിലൂടെ അവർക്കു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുൻകൂട്ടി വെളിപ്പെടുത്തി കിട്ടിയെന്ന് സ്പഷ്ടം.

ലോകം അവർക്കു യോഗ്യമല്ലാതിരുന്നിട്ടും തങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ച ഗുരുവിന്റെ കാൽച്ചുവടുകളെ പിറുപിറുപ്പു കൂടാതെ പിന്തുടർന്നു. തേജസ്സോടെ ഏറ്റവും ഉത്തമമായ ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു അവർ രക്ഷപ്പെടാനുള്ള അവസരം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.

ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും ആദിമ സഭയിലെ വിശുദ്ധർ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു, അവരെ നടത്തിയ ഇടയന്മാർക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു. അങ്ങനെ അവർ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു
(1 തെസ്സലൊനീക്യർ 1:6-7).

മക്കെദോന്യയിലെ ദൈവമക്കൾ കഷ്ടതകളെ അവസരങ്ങളാക്കി മാറ്റി. അവരെ ക്രിസ്തുവിൽ നിന്നും അകറ്റുവാൻ സാഹചര്യങ്ങൾക്കായില്ല. കാരണം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായ കർത്താവിനോട് അവർക്ക് അത്രമേൽ അടുപ്പമുണ്ടായിരുന്നു.
കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.
(2കൊരിന്ത്യർ 7:5).

ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ സന്തോഷത്തോടെ പങ്കാളികളാകുന്നവർക്കേ ക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരികയുള്ളൂ
(1 പത്രൊസ് 4:13).

” ഇവർ മഹാകഷ്ടത്തിൽ നിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു ” എന്ന വചനം;
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ച അപ്പൊസ്തലന്മാരുടെ വാക്കുകൾക്ക് ഗൗരവം വർദ്ധിപ്പിക്കുന്നു.
[വെളിപ്പാടു 7:14; പ്രവൃത്തികൾ 14:22]

നാം യേശുവിനോടു കൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു ഇന്നത്തെ കഷ്ടങ്ങൾ അനിവാര്യമാണ്. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്കും കഴിയണം
(റോമർ 8:17-18).

അതുകൊണ്ട് കഷ്ടതയിൽ സഹിഷ്ണത കൈവിടാതെ; പ്രാർത്ഥനയിൽ ഉറ്റിരിക്കാം; കഷ്ടം അനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ എന്ന പ്രമാണം മറക്കാതിരിക്കാം
[റോമർ 12:13; യാക്കോബ് 5:13].

കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന അറിവുള്ള നാം കഷ്ടങ്ങളിലും പ്രശംസിക്കേണം
(റോമർ 5:3-4).

വിശ്വാസയോഗ്യവും സനാതനസത്യവുമായ വിശുദ്ധ തിരുവെഴുത്തിന്റെ സമാപന താളുകളിൽ
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന മഹാസന്തോഷത്തിന്റെ വെളിപ്പാട് മറനീക്കി ആലേഖനം ചെയ്തിരിക്കുന്നു.
വെളിപ്പാടു 21:5

ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള നിത്യതേജസ്സിന്നു കൂട്ടാളിയുമായിരുന്ന പത്രൊസ് അപ്പൊസ്തലൻ നല്കിയ
” ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു ” എന്ന പ്രബോധനം മുറുകെ പിടിക്കാം.
അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നമ്മെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കട്ടെ ”
[1പത്രൊസ് 5:10].

മണവാളൻ യേശു വാനമേഘത്തിൽ വീണ്ടും വരാറായി…
മയങ്ങാൻ നമുക്ക് ഇനി സമയമില്ല…
മദ്ധ്യാകാശത്തിങ്കലെ ആ മഹൽ ദിനത്തിൽ
മണവാട്ടിയായ് നാം പറന്നു പോകേണ്ടവരാണ്.
അതുകൊണ്ട്, ഈ
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല.

ക്രിസ്തുവിൽ;
ജോസ് പ്രകാശ്,
കാട്ടാക്കട.

” വിട്ടുപോന്നവയെ ഓർക്കാത്തവർ “

അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.
അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു;
(എബ്രായർ 11:15-16).

വിട്ടുപോന്നവയുടെ സ്മരണകൾ വിടാതെ മനസ്സിൽ സൂക്ഷിക്കുന്നവരാണ് മനുഷ്യർ. ” മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു ” എന്ന യിസ്രായേൽ ജനത്തിന്റെ വാക്കുകൾ അത് മനുഷ്യരുടെ കൂടെപിറപ്പാണെന്ന് നമ്മെ ഓർപ്പിക്കുന്നു [സംഖ്യാപുസ്തകം -11:5].
പാരമ്പര്യവും, പേരും, പ്രതാപവുമൊക്കെ വിട്ടുകളഞ്ഞവർ അവസരം കിട്ടിയാൽ അവയെ തിരികെപോയി തട്ടിയെടുക്കും. ക്രിസ്തുവിലൂടെ പുതിയ സൃഷ്ടി ആയിതീർന്ന ദൈവമക്കൾക്ക് ; സ്വർഗ്ഗരാജ്യത്തെ പ്രതി വിട്ടുകളഞ്ഞവയെ ഓർക്കുവാനോ, അവയെത്തേടി മടങ്ങിപ്പോകുവാനോ വ്യവസ്ഥ ഇല്ല.

അത്യുന്നതനായ ദൈവം ഒരുക്കിയ വിൺനഗരം അന്വേഷിച്ചിറങ്ങിയ വിശ്വസ്തനായ അബ്രഹാം താൻ വിട്ടുപോന്ന ദേശത്തിലേക്ക് വിട്ടതിനെ തേടി മടങ്ങിപ്പോയില്ല. അധികം നല്ല സ്വർഗ്ഗീയ ഓഹരിയെ വിശ്വാസകണ്ണുകളാൽ കണ്ടവർക്കേ നാശത്തിലേക്ക് പിന്മാറാതെ വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുവാൻ സാധിക്കയുള്ളൂ.

ഭൂതലത്തിൽ ഉണ്ടായിരുന്ന സകല മനുഷ്യരിലും വെച്ച് അതിസൗമ്യനായിരുന്ന മോശെ ആത്മഭാരത്താൽ മിസ്രയീം വിട്ടുപോന്നു. മാത്രമല്ല മിസ്രയീമിലെ നിക്ഷേപങ്ങൾക്കായി മടങ്ങിപ്പോകാതെ ക്രിസ്തുഭക്തനായി കഷ്ടം സഹിക്കുന്നത് വലിയ ധനമായി എണ്ണുകയും ചെയ്തു (എബ്രാ- 11:26,27).

ലാഭമായിരുന്നതൊക്കെയും ചേതമായും യോഗ്യതകളെല്ലാം ചവറായും എണ്ണിയ അപ്പൊസ്തല ശ്രേഷ്ഠനായ പൗലോസ് വിട്ടു പോന്നതിനു പുറകേ പോകുവാൻ ഒട്ടും തയ്യാറായില്ല. യഹൂദാപാരമ്പര്യത്തെയും പഴയ സ്വഭാവത്തെയും പൂർണ്ണമായും താൻ വിട്ടുകളഞ്ഞു. ക്രിസ്തുവിനെ മുറുകെ പിടിച്ചുകൊണ്ട് ക്രസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതയാൽ വിരുതിനായി ലക്ഷ്യത്തിലേക്ക് ഓടിക്കൊണ്ടിരുന്നു.

പ്രിയരേ, ക്രിസ്തുവിനായ് എന്തെങ്കിലും വിട്ടുകളയുകയോ, വിട്ടുപിരിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും വ്യാകുലപ്പെടുകയോ നെടുവീർപ്പിടുകയോ അരുത്. യേശുവിന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ മാതാപിതാക്കളെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവർക്കു (വിട്ടു പോന്നവർക്ക്) എല്ലാം നൂറുമടങ്ങു പ്രതിഫലം ഇഹത്തിലും; സർവ്വലോകത്തെക്കാളും വിലയേറിയ നിത്യജീവൻ പരത്തിലും അവകാശമാക്കാം.

ആത്മാക്കളെ നേടുന്നതിനായി വള്ളവും വലയും വിട്ടു ഗുരുവിനെ അനുഗമിച്ച പത്രോസും കൂട്ടരും നിത്യജീവന് യോഗ്യരായപ്പോൾ, തന്റെ സമ്പത്ത് വിട്ടുകളയാതെ ഭൂമിയിൽ നിക്ഷേപം സ്വരൂപിച്ച യ്യൗവനക്കാരൻ നിത്യജീവന് അയോഗ്യനായി.
സുവിശേഷത്തെയും (യേശുവിനെ) ദൈവരാജ്യത്തെയുംപ്രതി കെട്ടുപോകുന്ന ഈ ഭൂവിലുള്ളതു ഒക്കെയും വിട്ടുപിരിയാത്തവർക്ക് യേശുവിന്റെ ശിഷ്യരായിരിപ്പാൻ കഴികയില്ല (ലൂക്കോസ് 14:33).

വരുവാനിരുന്ന മഹാവിപത്തിൽ നിന്നും വേഗത്തിൽ രക്ഷപ്പെടേണ്ടതിന് വേണ്ടി ദൂതന്മാർ കൈപിടിച്ച് പട്ടണത്തിന് പുറത്തുകൊണ്ടുപോയിട്ടും, നീരോട്ടമുള്ള പട്ടണം വിട്ടു പർവ്വതത്തിലേക്കുള്ള ഓട്ടത്തിനിടയിൽ വിട്ടുപോന്നവയെ ഓർത്ത് പെട്ടെന്ന് നോട്ടം പുറകോട്ട് മാറ്റിയതാണ് ലോത്തിന്റെ ഭാര്യയെ ഉപ്പുതൂണാക്കിയത്. ദൈവത്തിന്റെ ആ മഹാകരുണയെ ലോത്തിന്റെ ഭാര്യ അലക്ഷ്യമാക്കിക്കളഞ്ഞു.

ജീവരക്ഷക്കായി മുന്നോട്ടു ഓടുന്നതിനിടയിൽ മുറുകെപറ്റിയ മോഹവും, ഭാരവും ലക്ഷ്യത്തിൽ നിന്നും ആ സഹോദരിയെ വ്യതിചലിപ്പിച്ചു. പുറകോട്ടു നോക്കരുത് എന്ന ദൈവകല്പനയെ നിസാരമാക്കിയ തനിക്ക് നഷ്ടമായത് ജീവരക്ഷ മാത്രമല്ല സർവ്വലോകത്തെക്കാളും വിലയേറിയ ആത്മാവിന്റെ നഷ്ടവും കൂടി ആയിരുന്നു. ദൈവത്തേക്കാളുപരി മാമോനെ (ലോകത്തെ, ധനത്തെ) സ്നേഹിക്കുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണിത്.

ഉയരത്തിലെ ഉത്തമസമ്പത്തിനെക്കുറിച്ച് അല്പമെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ താൻ മണ്ണേപ്രതി മാണിക്യം വെടിയുകയില്ലായിരുന്നു. യേശുവിനായി ജീവിതം സമർപ്പിക്കാതെ നൽകാതെ സ്വപ്രയത്നത്താൽ രക്ഷിക്കുവാൻ ശ്രമിച്ചാൽ അത് നഷ്ടമാകും. യേശു കർത്താവ് നമുക്ക് നല്കിയിരിക്കുന്ന ശക്തമായ മുന്നറിയിപ്പ് “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്നാണ്. ഓർക്കുക, തന്റെ ജീവനെ നേടുവാൻ നോക്കുന്നവരെല്ലാം അതിനെ കളയും; അതിനെ കളയുന്നവരെല്ലാം അതിനെ രക്ഷിക്കും ( ലൂക്കോസ് 17:32-33 ).

ലോത്തിന്റെ ഭാര്യ വിട്ടുപോന്നവയെ പിന്നിൽനിന്നു തിരിഞ്ഞുനോക്കിയതിന്റെ പരിണിതഫലങ്ങൾ ഭയാനകമായിരുന്നു. തന്റെ ജീവനും ആത്മരക്ഷയും നഷ്ടമായി, ലോത്തിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു, മക്കൾക്ക് തങ്ങളുടെ അമ്മയെ നഷ്ടപ്പെട്ടു. നേർവഴി വിട്ടു പുറകോട്ടു നോക്കിയ ലോത്തിന്റെ ഭാര്യ നമുക്ക് മുന്നറിയിപ്പാണ്.

എല്ലാ ഭൗതിക ആസക്തികളോടും വിടപറഞ്ഞ് കൊണ്ട്
മോക്ഷപുരിയിലേക്കുള്ള ഈ ഓട്ടത്തിൽ ആത്മീയത്തേക്കാൾ ഭൗതികകാര്യങ്ങളിലാണ് നോട്ടമെങ്കിൽ മടങ്ങിവരേണ്ട കാലം ആസന്നമായി. ഭൂമിയിൽ പരദേശികളെന്നും സ്വർഗ്ഗീയ പൗരന്മാരാണെന്നും ഉത്തമ ബോദ്ധ്യം ഉണ്ടായിരുന്ന ഭക്തന്മാർ വിട്ടുപോന്നവയെ ഓർക്കാത്തവരായിരുന്നു. ആഗ്രഹിക്കാത്തവർ ആയിരുന്നു.

ഈ ലോകം ശാശ്വതമല്ലാത്തതിനാലും കത്തിയഴിയേണ്ടതാകയാലും നമ്മുടെ ആത്മരക്ഷക്കായി എല്ലാം വിട്ടുകളഞ്ഞു ഓട്ടം തുടർന്നു കൊണ്ടേയിരിക്കാം.
സാക്ഷികളുടെ വലിയൊരു സമൂഹം നമുക്കു ചുറ്റുമുള്ളതിനാൽ മുന്നിലുള്ള യേശുവിനെ നോക്കി സ്ഥിരതയോടെ ഓടേണം. ഓട്ടക്കളത്തിൽ ഇടറിവീഴാതിരിപ്പാനും മടുപ്പ് ഉണ്ടാകാതിരിക്കുവാനും ലക്ഷ്യം തെറ്റാതിരിക്കുവാനും നമുക്കായി യാഗമായ യേശു വിനെ ഉള്ളിൽ ധ്യാനിച്ചുകൊള്ളേണം. യോഗ്യമല്ലാതിരുന്ന ലോകത്ത് വിശ്വാസവീരർ തങ്ങളുടെ ഓട്ടം തികച്ചത് ഇപ്രകാരമായിരുന്നു. ലോകത്തിലുള്ളവനെക്കാൾ വലിയദൈവം നമ്മുടെ ഉള്ളിൽ ഉള്ളതുകൊണ്ട് നമുക്കും ഇത് സാധ്യമാണ്.

ഒരുനാൾ ഈ നശ്വരലോകം വിട്ടുപിരിഞ്ഞ് അങ്ങേക്കരയിൽ എത്തുമ്പോൾ മാത്രമേ ലോകത്തെ ഉപേക്ഷിച്ചവരുടെ (വിട്ടുപോന്നവരുടെ) യഥാർത്ഥ നിലയും വിലയും നമുക്ക് മനസ്സിലാകയുള്ളൂ.

കർതൃസേവ തികച്ച ശുദ്ധരോടൊന്നിച്ച് ആനന്ദിപ്പാൻ നാമും എത്രയും വേഗം ആ കൂട്ടത്തിൽ ചേർന്നീടേണ്ട നാളുകൾ ആസന്നമായിക്കൊണ്ടിരിക്കുന്നു. ആയതിനാൽ
” ലോകം വേണ്ട എനിക്കൊന്നും വേണ്ട, എന്‍റെ നാഥന്‍റെ സന്നിധൌ ചേർന്നാൽ മതി…”
എന്ന ഈ പഴയ ഗാനം നമ്മുടെ അനുദിന പ്രാർഥനയുടെ പുതിയ ഭാഗമാകട്ടെ.

ക്രിസ്തുവിൽ :
ജോസ് പ്രകാശ്

Create your website at WordPress.com
Get started